ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച പാക് പെൺകുട്ടിയെ സൈന്യം കസ്റ്റഡിയിലെടുത്തു. നൗഷേറയിലെ ലാം സെക്ടറിലാണ് സംഭവം. പാക് അധീന കാഷ്മീരിൽ നിന്നുള്ള പെൺകുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിക്ക് 17 വയസുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് പെൺകുട്ടിയെ തടഞ്ഞത്. ചോദ്യം ചെയ്യലിൽ പാക് അധീന കാഷ്മീരിലെ ഖുയിരേറ്റ സ്വദേശിനിയാണെന്ന് പെൺകുട്ടി വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും ചോദ്യം ചെയ്യലിൽ പെൺകുട്ടി മൊഴി നൽകി.
പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പെൺകുട്ടിയെ നൗഷേറ പൊലിസിന് കൈമാറി. പെൺകുട്ടി വഴിതെറ്റി അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണോ അതോ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നത്.